Kerala
ചാലക്കുടി: അഞ്ചുലക്ഷം രൂപയുടെ വീസ തട്ടിപ്പുകേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർപ്രകാരം നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് കരുവന്തല മമ്മസ്രയില്ലത്ത് നിസ അബ്ദുൾ സലീം(50) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്.
തിരുത്തിപ്പറന്പ് സ്വദേശി പുതിയപറന്പിൽ സ്റ്റേവിൻ പൗലോസിനു കാനഡയിലേക്കു വീസ ശരിയാക്കിനൽകാമെന്നു വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയശേഷം വീസയോ കൊടുത്ത പണമോ നൽകാതെ തട്ടിപ്പുനടത്തിയ കേസിലാണ് അറസ്റ്റ്.
ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിസ ഷാർജയിൽനിന്നു നെടുന്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ലുക്കൗട്ട് സർക്കുലർ പ്രകാരം ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. പോലീസ് നെടുന്പാശേരിയിലെത്തി അറസ്റ്റ് ചെയ്ത് ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എസ്ഐമാരായ ഒ.ജി. ഷാജു, എ.വി. ലാലു, സന്തോഷ്, ജിഎഎസ്ഐ രജിനി ജോസഫ്, വിനോദ്, സിപിഒ സജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Kerala
കൊടുങ്ങല്ലൂർ: ഇറ്റലിയിലേക്കുള്ള വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് എറിയാട് പേബസാർ സ്വദേശിയിൽ നിന്ന് 5,80,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ (29) ആണു തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2023-ലാണ് പ്രതികൾ ഇറ്റലിയിലേക്കു വീസ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 5,80,000 രൂപ അക്കൗണ്ട് വഴി വാങ്ങിയത്. വീസ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണു പരാതി നൽകിയത്.
കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുണ്‍, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്സിപിഒ അരുണ്‍ സൈമണ്‍, സിപിഒമാരായ നിവേദ്, ജിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.